English

ലോകത്തിലെ ആദ്യത്തെ സമ്പൂർണ സംയോജിത ടൈറ്റാനിയം ഡയോക്‌സൈഡ് പ്ലാന്റ് ആണ് കേരള മിനറൽസ് ആൻഡ് മെറ്റൽസ് ( കെഎംഎംഎൽ). അതേപോലെ ഇന്ത്യയിലെ ആദ്യത്തേതും. ക്ലോറൈഡ് പ്രക്രിയയിൽ റൂട്ടെയിൽ ഗ്രേഡ് ടൈറ്റാനിയം ഡയോക്‌സൈഡ് നിർമിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനവുംകൂടിയാണിത്.

ഉത്പാദന പ്രക്രിയ

  • ടൈറ്റാനിയ എന്നുകൂടി അറിയപ്പെടുന്ന ടൈറ്റാനിയം ഡയോക്‌സൈഡിന് (ഠശഛ2) ഭുമിയോളംതന്നെ പഴക്കമുണ്ട്. കടൽത്തീരത്തെ മണലിൽനിന്നും ഏറ്റവും ശുദ്ധമായ ടൈറ്റാനിയം ഡയോക്‌സൈഡ് പ്രയാസംകൂടാതെ ഖനനം ചെയ്‌തെടുക്കുവാൻ സാധിക്കുന്നു.
  • ശങ്കരമംഗലം ബീച്ചുകൾ, കൊല്ലത്തിന്റെ സമീപ പ്രദേശങ്ങളിലെ ബീച്ചുകൾ ഈ ഉത്പന്നത്തിന്റേയും  കെഎംഎംഎലിന്റേയും ചരിത്രവുമായി ഇഴപിരിക്കാനാകാത്തവിധം കെട്ടുപിണഞ്ഞുകിടക്കുകയാണ്.
  • ജർമൻ ശാസ്ത്രജ്ഞനായ ഡോ. ഷോംബർഗ് ആണ് ശങ്കരമംഗലം ബീച്ചുകളിലെ മണലിൽ മോണോസൈറ്റിന്റെ സാന്നിധ്യം കണ്ടെത്തിയത്. ശങ്കരമംഗലത്തുനിന്ന് ഇറക്കുമതി ചെയ്തു കയറുകളിലുണ്ടായിരുന്ന മണൽത്തരികൾ ഡോ. ഷോംബർഗിന്റെ ശ്രദ്ധയിൽപ്പെട്ടു. അതിന്റെ അന്വേഷണം അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത് മണൽത്തരികളിലെ മോണസൈറ്റിന്റെ സാന്നിധ്യത്തിലാണ്. അപൂർവധാതുക്കൾക്കൊണ്ടു സമ്പന്നമായ ഈ ബീച്ചുകൾ അതോടെ ശാസ്ത്രത്തിന്റെ ആകർഷക കേന്ദ്രമായി മാറി.
  • ലോകത്തിലെ ആദ്യത്തെ സമ്പൂർണ സംയോജിത ടൈറ്റാനിയം ഡയോക്‌സൈഡേ പ്ലാന്റാണ് കെഎംഎംഎൽ.
  • 1932-ൽ  ക്രാന്തദർശിയായ   സ്വകാര്യ സംരംഭകൻ എഫ്. എക്‌സ്. പെരേര ആൻഡ് സൺസ് (ട്രാവൻകൂർ ) പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇവിടയൊരു കമ്പനി സ്ഥാപിക്കുന്നു. 1956-ൽ സംസ്ഥാന സർക്കാർ കെഎംഎംഎൽ ഏറ്റെടുക്കുകയും ഇൻഡസ്ട്രീസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലാക്കുകയും ചെയ്തു. തുടർന്ന് 1972-ൽ ഈ കമ്പനിയെ പബ്‌ളിക് ലിമിറ്റഡ് കമ്പനിയാക്കി പരിവർത്തനം ചെയ്യുകയും 'ദി കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്' എന്നു പേരുമാറ്റുകയും ചെയ്തു.
  • കടലിൽനിന്നുള്ള 'വിളവെടുപ്പെന്ന്' ടൈറ്റാനിയം ഡയോക്‌സൈഡിനെ വിശേഷിപ്പിക്കാം.  കെഎംഎംഎലിന്റെ മിനറൽ സെപ്പറേഷൻ  യൂണിറ്റ് (എംഎസ് യൂണിറ്റ്) തീരമണലിൽനിന്ന് ഇൽമിനേറ്റ്, റൂട്ടെയിൽ മോണോസൈറ്റ്, ല്യൂകോക്‌സോൺ, സിലിമിനൈറ്റ് തുടങ്ങിയവ വേർതിരിച്ചെടുക്കുന്നു.  ഗ്രാവിറ്റേഷണൽ (ഗുരുത്വാകർഷണം), മാഗ്നറ്റിക് (കാന്തികം), ഹൈടെക് ഇലക്‌ട്രോസ്റ്റാറ്റിക്  തുടങ്ങിയ സങ്കേതങ്ങളിലൂടെയാണ് എംഎസ് യൂണിറ്റ് വിവിധ ധാതുക്കൾ കടൽ മണലിൽനിന്നും വേർതിരിച്ചെടുക്കുന്നത്.
  • അസംസ്‌കൃത ഇൽമിനൈറ്റിൽ അടങ്ങിയിട്ടുള്ള ഇരുമ്പുപോലുള്ള മാലിന്യങ്ങൾ  രാസപ്രക്രിയയിലൂടെനീക്കിക്കളഞ്ഞാണ് ശുദ്ധമായ, വെളുത്ത് പിഗ്മെന്റ് ഉപയോഗത്തിനു ലഭ്യമാക്കുന്നത്.  ക്ലോറൈഡ് പ്രക്രിയ വഴി റൂട്ടെയിൽ ഗ്രേഡ് ടൈറ്റാനിയം ഡയോക്‌സൈഡ് നിർമിക്കുന്ന രാജ്യത്തെ ഏക നിർമാതാക്കളാണ് കെഎംഎംഎൽ. മാത്രവുമല്ല, ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ യൂണിറ്റുംകൂടിയാണിത്.
  • ടൈറ്റാനിയം അയിരുകൾ ക്ലോറിൻ വാതകവുമായി ചേരുമ്പോഴുണ്ടാകുന്ന രാസമാറ്റത്തിലൂടെയാണ് ടെറ്റാനിയം ഡയോക്‌സൈഡ് ഉത്പന്നങ്ങൾ നിർമിക്കുന്നത്.
  • മറ്റു ലോഹങ്ങളുടെ ക്ലോറൈഡ് മാലിന്യങ്ങൾ  വിവിധ പ്രക്രിയകളിലൂടെ നീക്കിക്കളഞ്ഞ്  ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് പൂർണമായി വീണ്ടെടുക്കുന്നു. തുടർന്ന് ഇവയെ   ഡിസ്റ്റിലേഷൻ വഴി കൂടുതൽ ശദ്ധീകരിക്കുകയും ദ്രാവക രൂപത്തിൽ  ശേഖരിച്ച് സ്റ്റോറേജ് കണ്ടയ്‌നറുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് ഓക്‌സിഡേഷൻ പ്ലാന്റിൽ ഉയർന്ന ചൂടിൽ ടൈറ്റാനിയം ടെട്രാ ക്ലോറൈഡിനെ ആവിയാക്കി മാറ്റി, ഓക്‌സിഡൈസേഷൻ വഴി അസംസ്‌കൃത ടൈറ്റാനിയം ഡയോക്‌സൈഡ്  ഉത്പാദിപ്പിക്കുന്നു.
  • പിഗ്മെന്റ് ഉത്പാദന പ്ലാന്റിന്റെ അസംസ്‌കൃത വസ്തു ബെനിഫിഷ്യേറ്റഡ്  ഇൽമിനൈറ്റ് ( ബിഐ) ആണ്. ഇൽമിനൈറ്റ് ബെനിഫിക്കേഷൻ പ്ലാന്റിൽനിന്നുള്ള ബിഐ ക്ലോറിനേഷൻ പ്ലാന്റിൽ ക്ലോറിനേറ്റ് ചെയ്താണ് ടൈറ്റാനിയം ടെട്ര ക്ലോറൈഡ് ഉണ്ടാക്കുന്നു. ടൈറ്റാനിയം ഡയോക്‌സൈഡ്, ബിഐയിലെ ലോഹ ഒക്‌സൈഡ് മാലിന്യങ്ങൾ തുടങ്ങിയവ ക്ലോറിനുമായുള്ള രാസപ്രക്രിയ വഴി ടൈറ്റാനിയത്തിന്റേയും മറ്റു ലോഹ മാലിന്യങ്ങളുടേയും ക്ലോറൈഡുകൾ ഉത്പാദിപ്പിക്കുന്നു.  ഒമ്പതിനായിരം ഡിഗ്രി സെന്റീഗ്രേഡ് ചൂടിലുള്ള പെട്രോളിയം കോക്കിന്റെ സാന്നിധ്യത്തിലാണ് ഈ രാസപ്രവർത്തനം നടക്കുന്നത്.
  • തരംതിരിച്ച അസംസ്‌കൃത ടൈറ്റാനിയം ഡയോക്‌സൈഡിന്റെ പുറത്തേ ഉപ്പുരസം കളയുവാനായി വിവിധ രാസവസ്തുക്കളുമായി ചേർത്തുള്ള പ്രക്രിയയ്ക്ക് വിധേയമാക്കുന്നു. തുടർന്ന് അരിച്ചെടുത്ത് ഡ്രയറിൽ ഉണക്കി, പിഗ്മെന്റ് സർഫേസ് ട്രീറ്റ്‌മെന്റ് ആൻഡ് ഫിനീഷിംഗ് പ്ലാന്റിലേക്ക് അയച്ച് തീരെ പൊടിയാക്കിയെടുക്കുന്നു ( മൈക്രോനൈസർ). പൗഡർ രൂപത്തിൽ ടൈറ്റാനിയം ഡയോക്‌സൈഡ് പായ്ക്ക് ചെയ്യുന്നു.
  • ആസിഡ് പുനരുത്പാദനം ഉൾപ്പെടെ  ഉത്പാദനപ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ പുനരുദ്ധാനവും പുനരുജ്ജീവനവും ഉപയോഗിച്ച് പ്ലാന്റിൽ  മലിനീകരണം തീരെയില്ലാതാക്കിയിട്ടുണ്ട്. ഉത്തരവാദിത്വത്തോടെ  'കടൽക്കൊയ്ത്തു' നടത്തുന്നതുവഴി പരിസ്ഥിതിയോടെയുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുകയാണ് ഇവിടെ.

സ്‌പോഞ്ച് ഉത്പാദന പ്രക്രിയ

ക്രോൾ പ്രക്രിയ അടിസ്ഥാനമാക്കിയുള്ള ബാച്ച് പ്രോസസ് ആണ് ടൈറ്റാനിയം സ്‌പോഞ്ചിന്റെ ഉത്പാദനത്തിനു കമ്പനി സ്വീകരിച്ചിട്ടുള്ള സാങ്കേതിക വിദ്യ. വാണിജ്യാടിസ്ഥാനത്തിൽ പ്രതിവർഷം 500 ടൺ ടൈറ്റാനിയം സ്‌പോഞ്ച് നിർമിക്കുവാൻ സാധിക്കുന്ന വിധത്തിലാണ് പ്ലാന്റ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ജലാംശം നീക്കിയ ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് മഗ്നീഷ്യവുമായി ചേർത്ത് പൈറോ വാക്വം ഡിസ്റ്റിലേഷൻ വഴിയാണ്  ടൈറ്റാനിയം സ്‌പോഞ്ച്  ഉത്പാദിപ്പിക്കുന്നത്. ചൂടാക്കിയ ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് മഗ്നീഷ്യവുമായി ചേരുമ്പോൾ  ടൈറ്റാനിയം സ്‌പോഞ്ച് മഗ്നീഷ്യം ക്ലോറൈഡ് എന്നിവയായി വിഘടിക്കുന്നു. ഇതിനെ മഗ്നേസിയോ എന്നു വിളിക്കുന്നു.

അതിന്റെ രാസ പ്രക്രിയ ഇപ്രകാരമാണ്:

ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് (ടിഐ സിഎൽ4) + 2 മഗ്നീഷ്യം ( എംജി) = 2 മഗ്നീഷ്യം ക്ലോറൈഡ് ( എംജിസിഎൽ2)+ ടൈറ്റിനിയം (ടിഐ)

TiCl4(g) +2Mg (l)=2MgCl2(l) +Ti(s)

പൈറോ വാക്വം ഡിസ്റ്റിലേഷൻ വഴി സ്‌പോഞ്ച് കേക്കിൽ അടങ്ങിയിട്ടുള്ള  മഗ്നീഷ്യവും മഗ്നീഷ്യം ക്ലോറൈഡും നീക്കം ചെയ്യുന്നു.

ഈ ഉത്പാദന പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്നു മുഖ്യ ഘട്ടങ്ങൾ ഇവയാണ്:

  • പിഗ്മെന്റ് ഗ്രേഡിലുള്ള  വസ്തുവിനെ മെറ്റൽ ഗ്രേഡിലേക്കു ശുദ്ധീകരിക്കുന്നു.
  • മഗ്നെസിയോ - തെർമിക് റിഡക്ഷൻ
  • ഉയർന്ന ചൂടിലുള്ള വാക്വം ഡിസ്റ്റിലേഷൻ വഴി മഗ്നീഷ്യം, മഗ്നീഷ്യം ക്ലോറൈഡ് എന്നിവയുടെ നീക്കം ചെയ്യൽ
  • ടൈറ്റാനിയം സ്‌പോഞ്ചിന്റെ തരംതിരിക്കലും വിലയിരുത്തലും.

Varnam

ഞങ്ങളുടെ ഓർഗനൈസേഷനിലെയും വ്യവസായത്തിലെയും ഏറ്റവും പുതിയ വാർത്തകൾ, സംഭവങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങളെ അപ്ഡേറ്റ് ചെയ്യുന്നതിന്, കേരള മിനറൽസ് & മെറ്റൽസ് ലിമിറ്റഡിന്റെ (കെ‌എം‌എം‌എൽ) പ്രതിമാസ വാർത്താക്കുറിപ്പാണ് വർ‌ണം. നിങ്ങളുടെ വർണത്തിന്റെ പകർപ്പ് സ്വീകരിക്കുന്നതിന് സബ്സ്ക്രൈബ് ചെയ്യുക.